ലിസി

ക്ലാസ് 10,9,8 ------- വേണ്ട പ്രസന്റേഷന്‍, ചിത്രങ്ങള്‍, വീഡിയോ

Monday, 12 September 2011

മുറ-----സങ്കരയിനം എരുമ----------------പാലക്കാട്: ഒരു കോടി ചെലവിട്ട് നിര്‍മ്മിച്ച ഹൈടെക് കാളത്തൊഴുത്ത് കേരള ലൈവ് സ്‌റ്റോക്ക് ഡവലപ്പ്‌മെന്റ് ബോര്‍ഡിന്റെ ധോണി ഫാമില്‍ ഒരുങ്ങി. ഒപ്പം കാലിത്തീറ്റ നിര്‍മ്മാണയൂണിറ്റും ആടിന്റെ ബീജപരിശോധനാകേന്ദ്രവും തയ്യാറായിട്ടുണ്ട്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ വികസനകുതിപ്പ് നടത്തുന്ന ഫാമിന് ഇത്തവണയും എ-ഗ്രേഡ് ലഭിച്ചു. ഹൈടെക് തൊഴുത്തില്‍ 48 കാളകള്‍ക്ക് താമസിക്കാം. ഓരോ കാളക്കും പ്രത്യേകം കൂട്. തീറ്റയെടുക്കാനും വെള്ളം കുടിക്കാനും വെവ്വേറെ ടാങ്കുകള്‍. കാളകളെ കുളിര്‍പ്പിക്കാന്‍ മിസ്റ്റ് സംവിധാനം. തൊഴുത്തിന്റെ ഒരു ഭാഗം തുറന്നിരിക്കുന്നതിനാല്‍ ആവശ്യത്തിന് ചൂടും കിട്ടും. ഒരു കോടി പത്തുലക്ഷം നിര്‍മ്മാണചെലവ് വന്നതായി ഫാം മാനേജര്‍ ഡോ.രാജീവ്‌ഷെട്ടി പറഞ്ഞു. ഹൈടെക് തൊഴുത്ത് ഒരു മാസത്തിനകം തുറക്കും. പിന്നീട് ഫാമിലുള്ള മുറ പോത്തുകളും ഗിര്‍,സഹിവാള്‍,ടാര്‍പാര്‍ക്കര്‍,വെച്ചൂര്‍,കാങ്കറേജ് കാളകളെയും പുതിയ തൊഴുത്തിലേക്ക് മാറ്റും. കേരളത്തിന്റെ തനതായ വെച്ചൂര്‍ പശുക്കള്‍ നാലെണ്ണമുണ്ട്. പക്ഷെ ആരേയും ആകര്‍ഷിക്കുന്നത് കാങ്കറേജ് ഇനത്തിലുള്ള കാളക്കൂറ്റനാണ്. വിദേശ സങ്കരയിനം കാളകളും ഉണ്ട്. കാളകളുടേയും ആടിന്റെയും ബീജം ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്ക് ശേഷം സൂക്ഷിച്ചുവെയ്ക്കുകയാണ് ഫാമില്‍ ചെയ്യുന്നത്. മലബാറി,അട്ടപ്പാടി ബ്ലാക്ക് എന്നീ തദ്ദേശ ഇനങ്ങളും ബോയര്‍ എന്ന വിദേശ ഇനവും ഉണ്ട്. ഇന്ത്യയുടെ തനത് കാള,ആട് ഇനങ്ങള്‍ സംരക്ഷിച്ച് വംശവര്‍ധനവ് നടത്തുകയാണ് ഫാമില്‍ മുഖ്യമായും ചെയ്യുന്നതെന്ന് മാനേജര്‍ പറഞ്ഞു. ആടിന്റെ ബീജം പരിശോധിക്കുന്ന ആധുനിക ലബോറട്ടറി 35 ലക്ഷം ചെലവില്‍ നിര്‍മ്മിച്ചു. സംസ്ഥാനത്തെ ആദ്യ ലാബാണിത്. 31 ലക്ഷം ചെലവഴിച്ച് കാലിത്തീറ്റ സംസ്‌കരണ കേന്ദ്രവും ഒരുങ്ങി. ഉണക്കപ്പുല്ലും വൈക്കോലും സംസ്‌കരിച്ച് ചെറിയ കട്ടകളാക്കുന്ന യൂണിറ്റില്‍ ഉപകരണങ്ങളെത്തി. 250 ഏക്കര്‍ വിസ്തൃതിയുള്ള ധോണി ഫാമില്‍ 275 കന്നുകാലികളുണ്ട്. 350 മലബാറി, 140 അട്ടപ്പാടി ബ്ലാക്ക്, 80 ബോയര്‍ ആടുകളുമുണ്ട്. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള കുത്തിവെപ്പ് കേന്ദ്രങ്ങളിലേക്ക് വര്‍ഷം 10 ലക്ഷം ഡോസ് ബീജം കൊടുക്കുന്നുണ്ട്.----------തീവ്ര കന്നുകാലി വികസന പദ്ധതി Intensive Cattle Development Project(I.C.D.P) തിരഞ്ഞെടുത്ത കന്നുകാലികളുടെ വര്‍ഗോദ്ധാരണ മാര്‍ഗത്തിലൂടെയുള്ള ക്ഷീര വികസന പദ്ധതി. ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്തിട്ടുള്ളതുപോലെ കേരളത്തില്‍ പാലിന്റെ പ്രതിശീര്‍ഷ ലഭ്യത 280 ഗ്രാമായി ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ വിവിധ കന്നുകാലി വര്‍ഗോദ്ധാരണ പരിപാടികള്‍ ആവിഷ്കരിച്ചു നടപ്പിലാക്കാന്‍ വേണ്ടിയാണ് തീവ്ര കന്നുകാലി വികസന പദ്ധതി നിലവില്‍ വന്നത്. ഒരു പ്രത്യേക പ്രദേശത്ത് പാലുത്പാദനം നിശ്ചിത കാലയളവുകൊണ്ട് നിശ്ചിത തോതില്‍ ഉയര്‍ത്തുന്നതിനു വേണ്ടി ആ പ്രദേശത്തെ കന്നുകാലികളെ തിരഞ്ഞെടുത്ത് വര്‍ഗോദ്ധാരണ മാര്‍ഗങ്ങളിലൂടെ സജ്ജമാക്കുക എന്നുള്ള ലക്ഷ്യമാണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിച്ചിട്ടുള്ളത്. ഈ പദ്ധതി നടപ്പിലാക്കാന്‍ ഉദ്ദേശിച്ചിട്ടുള്ള പ്രദേശത്തെ കന്നുകാലികളുടെ സംഖ്യ ചുരുങ്ങിയത് ഒരു ലക്ഷമായിരിക്കണമെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ട്. കന്നുകാലി വികസനത്തിനുള്ള കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക പദ്ധതിയുടെ ഭാഗമായിട്ടാണ് കേരളത്തില്‍ തീവ്ര കന്നുകാലി വികസന പദ്ധതി ആരംഭിക്കുന്നത് (1968). പാലുത്പാദനം വര്‍ധിപ്പിക്കാനുള്ള ദേശീയ നയം അനുസരിച്ചാണ് കേരളത്തില്‍ സങ്കരയിനം കന്നുകാലികളെ ഉത്പാദിപ്പിക്കാന്‍ തുടങ്ങിയത്. ഇത്തരത്തില്‍ കേരളത്തിലെ മൃഗസംരക്ഷണ മേഖലയെ വികസിപ്പിക്കാനുള്ള കൂട്ടായ ശ്രമങ്ങള്‍ ഒന്നാം പഞ്ചവത്സര പദ്ധതിക്കാലത്താണ് ഉണ്ടായത്. ഈ കാലയളവിലാണ് കീ വില്ലേജ് സ്കീം (Key village scheem) പ്രകാരം കന്നുകാലികളില്‍ കൃത്രിമ ബീജസങ്കലനത്തിനുള്ള സൌകര്യങ്ങള്‍ നടപ്പിലാക്കിയത്. തുടര്‍ന്നുള്ള പഞ്ചവത്സര പദ്ധതികളിലും ഇത് തുടര്‍ന്നു പോരുന്നു. അഞ്ചാം പഞ്ചവത്സരപദ്ധതിയില്‍ കീ വില്ലേജ് സ്കീമും തീവ്ര കന്നുകാലി വികസന പദ്ധതിയും ഒന്നിച്ചു പ്രവര്‍ത്തിക്കുകയും കന്നുകാലികളില്‍ കൃത്രിമ ബീജസങ്കലനത്തിനുള്ള സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുകയും ചെയ്തു. ഇപ്പോള്‍ കേരളത്തില്‍ 1500-ലധികം കൃത്രിമ ബീജാധാന കേന്ദ്രങ്ങള്‍ ഈ പദ്ധതിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഊര്‍ജിത കന്നുകാലി വികസന പദ്ധതിയുടെ ലക്ഷ്യങ്ങള്‍: 1. പദ്ധതിപ്രദേശത്തെ കന്നുകാലികളുടെ ഗുണമേന്മ മെച്ച പ്പെടുത്തുക. 2. പാലുത്പാദനച്ചെലവ് കുറയ്ക്കുന്നതിനായി പദ്ധതിപ്രദേശത്ത് വ്യാപകമായി പുല്‍ക്കൃഷി നടപ്പിലാക്കുക. 3. തൊഴില്‍രഹിതരായ ഗ്രാമീണജനതയ്ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക. 4. ദുര്‍ബലവിഭാഗങ്ങളുടെ പോഷകാഹാരമൂല്യം വര്‍ധിപ്പിക്കുക. പാലിന്റേയും പാലുത്പന്നങ്ങളുടെയും വര്‍ധിച്ച ആവശ്യത്തി നനുസരിച്ച് ഇവ ലഭ്യമാകണമെങ്കില്‍ കന്നുകാലികളുടെ ജനിതക ഗുണങ്ങള്‍ വര്‍ധിപ്പിക്കുകയും ഇതുവഴി ഉത്പാദനക്ഷമത കൂടുതലുള്ള സങ്കരയിനം പശുക്കളെ വളര്‍ത്തിയെടുക്കുകയും വേണം. ഇതിനെ ലക്ഷ്യമാക്കിയാണ് തീവ്ര കന്നുകാലി വികസന പദ്ധതിയുടെ കീഴില്‍ കൃത്രിമ ബീജസങ്കലന കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തില്‍ ഇപ്പോള്‍ ആകെ ഒമ്പതു ഐ.സി.ഡി.പി (I.C.D.P) കേന്ദ്രങ്ങളും ഇവയുടെ കീഴില്‍ 38 പ്രാദേശിക ബീജസങ്കലന കേന്ദ്രങ്ങളും 1513-ഓളം ഉപകേന്ദ്രങ്ങളും ഉണ്ട്. തീവ്ര കന്നുകാലി വികസന പദ്ധതികള്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇതിനകം പ്രവര്‍ത്തിച്ചു തുടങ്ങിയിട്ടുണ്ട്: Image:p686.png കേരളത്തില്‍ തീവ്ര കന്നുകാലി വികസന പദ്ധതികളുടെ നടത്തിപ്പിന്റെ ചുമതല ഡെപ്യൂട്ടി ഡയറക്ടറുടെ പദവിയിലുള്ള പ്രോജക്റ്റ് ഓഫീസര്‍ക്കും പ്രദേശിക ബീജസങ്കലന കേന്ദ്രത്തിന്റെ ചുമതല അസിസ്റ്റന്റ് ഡയക്ടറുടെ പദവിയിലുള്ള അസിസ്റ്റന്റ് പ്രോജക്റ്റ് ഓഫീസര്‍ക്കുമാണ്. കന്നുകാലികളില്‍ കൃത്യമായ ഒരു പ്രത്യുത്പാദന നയം നിലവിലുള്ള ഏക സംസ്ഥാനം കേരളമാണ്. ഈ നയം രൂപീകരിക്കുന്നതിനും കാലത്തിനനുസരിച്ച് ഉണ്ടാകേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുന്നതിനുംവേണ്ടി മൃഗസംരക്ഷണ വകുപ്പ്, കേരള ലൈവ്സ്റ്റോക്ക് ഡവലപ്മെന്റ് ബോര്‍ഡ്, കേരള കാര്‍ഷിക സര്‍വകലാശാല, നാഷണല്‍ ഡെയ്റി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ മേഖലകളിലെ വിദഗ്ധര്‍ ഉള്‍പ്പെട്ട ഒരു സമിതി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതിയുടെ നിര്‍ദേശങ്ങള്‍ ഇവയാണ്. 1. കൃത്രിമ ബീജസങ്കലനത്തിനായി ജഴ്സി, ഹോള്‍സ്റ്റീന്‍ എന്നീ വിദേശ ജനുസ്സു കാളകളുടെ ബീജം മാത്രം ഉപയോഗിക്കുക. 2. പ്രജനനത്തിനായി ഉപയോഗിക്കുന്ന കാളകളെ ഉത്പാദിപ്പിക്കാന്‍ ഭ്രൂണമാറ്റ പദ്ധതി (Embryo transfer technology) നടപ്പിലാക്കുക. 3. പാലുത്പാദനം വളരെ കുറഞ്ഞ പശുക്കളേയും പ്രസവത്തിനു കാലതാമസമുള്ള പശുക്കളേയും കര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്കി ഇറച്ചിക്കായി പ്രയോജനപ്പെടുത്തുക. 4. പ്രോജനി ടെസ്റ്റിങ് (progeny testing) വഴി മെച്ചപ്പെട്ടവയെന്നു കണ്ടെത്തിയ കാളകളുടെ ബീജം കൂടുതലായി ഉപയോഗപ്പെടുത്തുക. 5. ബീജസങ്കലന കേന്ദ്രങ്ങള്‍ സംസ്ഥാനത്തുടനീളം ലഭ്യമാക്കുക. (സംസ്ഥാനത്ത് ഇപ്പോള്‍ ഓരോ 800 പശുക്കള്‍ക്കും ഒരു സെന്റര്‍ എന്ന നിരക്കില്‍ ലഭ്യമാണ്). 6. സഞ്ചരിക്കുന്ന ബീജസങ്കലന യൂണിറ്റുകള്‍ സ്ഥാപിക്കുക. 7. കൃത്രിമ ബീജസങ്കലന പദ്ധതി നടപ്പിലാക്കുന്നതില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്കി നാള്‍ക്കുനാള്‍ ഉണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ബോധവാന്മാരാക്കുക. 8. പ്രജനനത്തിനുപയോഗിക്കാത്ത കാളകളെ വന്ധീകരിക്കുക. 9. കര്‍ഷകര്‍ക്ക് ബോധവത്ക്കരണ സെമിനാറുകളും കന്നുകാലി പരിപാലനത്തിനായി പരിശീലന പരിപാടികളും സംഘടിപ്പിക്കുക. 10. തീറ്റപ്പുല്‍ക്കൃഷി വികസിപ്പിക്കുക. 11. കന്നുകാലികളില്‍ പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കാനുള്ള പദ്ധതികള്‍ ആവിഷ്കരിക്കുക. ഈ നിര്‍ദേശങ്ങള്‍ പാലിക്കപ്പെടുകയാണെങ്കില്‍ കേരളത്തില്‍ കന്നുകാലികളുടെ ഉത്പാദനക്ഷമത ഒരു പരിധിവരെ വര്‍ധിപ്പിക്കാമെന്നു കണ്ടെത്തിയിട്ടുണ്ട്. ഉത്പാദനക്ഷമത വര്‍ധിക്കുമ്പോള്‍ ഈ മേഖലയില്‍ ഏര്‍പ്പെട്ടിരിക്കുന്ന കര്‍ഷകരുടെ വരുമാനവും വര്‍ധിക്കും. പാലിന്റേയും പാലുത്പന്നങ്ങളുടേയും ആവശ്യകത നാള്‍ക്കുനാള്‍ ഉയര്‍ന്നു വരുന്നു. പോഷകമൂല്യമുള്ള ആഹാരമെന്ന നിലയിലും മാറിവരുന്ന ആഹാരരീതി പരിഗണിച്ചും പാലിന്റെ ആവശ്യകത വര്‍ധിച്ചുവരുന്നു. തീവ്ര കന്നുകാലി വികസന പദ്ധതി ലക്ഷ്യമിട്ടിരിക്കുന്ന പാലുത്പാദന വര്‍ധനവ് താഴെ പറയുന്ന മാര്‍ഗങ്ങളിലൂടെ കൈവരിക്കാന്‍ കഴിയും. 1. പശു, എരുമ, ആട് എന്നിവയുടെ ജനിതക ഗുണങ്ങള്‍ വര്‍ധിപ്പിക്കുക. 2. ഉത്പാദനക്ഷമത കൂടിയ സങ്കരയിനം കന്നുകാലികളുടെ എണ്ണം വര്‍ധിപ്പിക്കുക. 3. പ്രത്യുത്പാദനശേഷി വര്‍ധിപ്പിക്കുക. 4. കന്നുകാലികളുടെ പരിചരണവും പരിപാലനവും മെച്ചപ്പെടുത്തുക. 5. നിലവിലുള്ള പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരമാര്‍ഗങ്ങള്‍ കണ്ടെത്തുക. 6. പാലിനും പാലുത്പന്നങ്ങള്‍ക്കും വിപണന സൗകര്യങ്ങള്‍ വിപുലീകരിക്കുക. ഇത്രയും കാര്യങ്ങള്‍ കൈവരിക്കാന്‍ കഴിഞ്ഞാല്‍ പാലുത്പാദനം ഗണ്യമായി വര്‍ധിക്കും. ഇതിനുള്ള ശ്രമമാണ് തീവ്ര കന്നു കാലി വികസന പദ്ധതിയിലൂടെ നടന്നു വരുന്നത്. കേരളസംസ്ഥാനത്ത് എരുമകളുടെ എണ്ണം കുറഞ്ഞുവരുകയാണ്. തീവ്ര കന്നുകാലി വികസന പദ്ധതിയിലൂടെ ഗാഢശീതീകരണം ചെയ്ത ബീജമുപയോഗിച്ച് എരുമകളിലും കൃത്രിമ ബീജസങ്കലനം നടത്തിവരുന്നു. ഇതിനായി പ്രത്യേകം തിരഞ്ഞെടുത്ത 'മുറ' (Murrah) ജനുസ്സിന്റെ ബീജം എല്ലാ ബീജസങ്കലന കേന്ദ്രങ്ങളിലും ലഭ്യമാണ്. ആടുകളിലും പ്രജനന പരിപാടികള്‍ മെച്ചപ്പെടുത്തി വരുന്നു. ഗാഢശീതീകരണം ചെയ്ത ബീജമുപയോഗിക്കുന്ന കൃത്രിമ ബീജ സങ്കലനം ചില കേന്ദ്രങ്ങളില്‍ പരീക്ഷണാര്‍ഥം ചെയ്തുവരുന്നു. ആടുകളിലെ കൃത്രിമ ബീജസങ്കലനം വിവിധ കേന്ദ്രങ്ങളിലേക്കും വ്യാപിപ്പിക്കുവാനുള്ള ശ്രമത്തിലാണ്. മാത്രമല്ല, നല്ല വിദേശ ജനുസ്സില്‍പ്പെട്ട സാനന്‍ (Sannen), ആല്‍പൈന്‍ (Alpine) എന്നിവ ഉപയോഗിച്ചുള്ള സങ്കരയിനം ആടിനെ ഉത്പാദിപ്പിച്ച് പാല്‍ ഉത്പാദനം ഗണ്യമായി വര്‍ധിപ്പിക്കാനുള്ള പദ്ധതികളുമുണ്ട്. തീവ്ര കന്നുകാലി വികസന പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ പ്രാധാന്യം നല്കിയിരിക്കുന്നത് കന്നുകാലികളിലെ ജനിതകഗുണങ്ങള്‍ മെച്ചപ്പെടുത്തുന്നതിനാണ്. നിലവിലുള്ള ഉത്പാദനനയം അനുസരിച്ച് ജഴ്സി (Jersey), ഹോള്‍സ്റ്റീന്‍ ഫ്രീഷന്‍ (Holstein friesian), ബ്രൗണ്‍ സ്വിസ്സ് (Brown swiss) എന്നീ വിദേശ ജനുസ്സു കാളകളുടെ ബീജമാണ് ഉപയോഗിച്ചുവരുന്നത്. മിക്കവാറും കര്‍ഷകര്‍ക്ക് ജഴ്സി ഇനത്തിനോടാണ് താത്പര്യം. പാലില്‍ കൂടുതല്‍ കൊഴുപ്പുള്ളതുകൊണ്ടും രോഗം താരതമ്യേന കുറവായതിനാലും കേരളത്തിന്റെ കലാവസ്ഥയ്ക്ക് അനുയോജ്യമായതിനാലുമാണ് ജഴ്സിക്ക് കൂടുതല്‍ പരിഗണന ലഭിക്കുന്നത്. പാലില്‍ കൊഴുപ്പു കുറവാണെങ്കിലും ഹോള്‍സ്റ്റീന്‍ ഇനത്തിന് പാലിന്റെ അളവ് വളരെ കൂടുതലായിരിക്കും. അതിനാല്‍ ചില സ്ഥലങ്ങളില്‍ കര്‍ഷകര്‍ ഈ ഇനത്തിനേയും വളര്‍ത്താന്‍ ഇഷ്ടപ്പെടുന്നു; പ്രത്യേകിച്ചും പുല്ലും വൈയ്ക്കോലും കൂടുതല്‍ ലഭ്യമാകുന്ന സ്ഥലങ്ങളില്‍. മേല്പറഞ്ഞ കാര്യങ്ങളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍ പ്രജനനത്തിനായി ജഴ്സി, ഹോള്‍സ്റ്റീന്‍ എന്നീ ഇനങ്ങള്‍ ഉപയോഗിക്കുന്നതാണ് അനുയോജ്യമായി കണ്ടെത്തിയിട്ടുള്ളത്; പ്രത്യേകിച്ചും ജഴ്സിയും അതിന്റെ സങ്കരയിനവും. ഇതുപോലെതന്നെ വിദേശ ജനുസ്സിന്റെ പങ്കാളിത്തം 50 ശ.മാ.-ത്തില്‍ കവിയാതിരിക്കാനാണ് നിര്‍ദേശം. കാരണം 50 ശ.മാ.-ത്തില്‍ കൂടിയാലും കേരളത്തിന്റെ കാലാവസ്ഥയിലും പരിചരണ രീതിയിലും, പാലുത്പാദനത്തില്‍ ഗണ്യമായ മാറ്റം ഉണ്ടാകാന്‍ സാധ്യതയില്ല എന്നതു തന്നെ. ജനിതകഗുണങ്ങള്‍ മെച്ചപ്പെടുത്താന്‍ വേണ്ടി നിലവിലുള്ള വിദേശയിനം കാളകളില്‍ 20 ശ.മാ. നീക്കി പകരം ഉത്തമ ജനിതകഗുണങ്ങള്‍ ഉള്ള കാളകളെ മറ്റെവിടെനിന്നെങ്കിലും ഉള്‍പ്പെടുത്താനും ഉദ്ദേശിക്കുന്നു. ഇങ്ങനെ മാറ്റുന്നത് ഓരോ വര്‍ഷവും ആവര്‍ത്തിക്കണം. ഇതുപോലെ ഭ്രൂണമാറ്റപ്രക്രിയയും ജനിതക ഗുണങ്ങള്‍ മെച്ചപ്പെടുത്താന്‍ ഒരു പരിധിവരെ സഹായിക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. തീവ്ര കന്നുകാലി വികസന പദ്ധതി ലക്ഷ്യമാക്കുന്ന മറ്റൊരു മേഖലയാണ് കൃത്രിമ ബീജസങ്കലനത്തിനുള്ള സൌകര്യങ്ങള്‍ മെച്ചപ്പെടുത്തുക എന്നുള്ളത്. 800 പശുക്കള്‍ക്ക് ഒരു കേന്ദ്രം എന്ന തോതിലാണ് ബീജസങ്കലന കേന്ദ്രങ്ങള്‍ നിലവിലുള്ളത്. ഇത് ഏകദേശം 500 പശുക്കള്‍ക്ക് ഒരു കേന്ദ്രം എന്ന തോതില്‍ നിജപ്പെടുത്താന്‍ ആലോചിക്കുന്നു. ഇത്തരം കേന്ദ്രങ്ങള്‍ കൃത്രിമ ബീജസങ്കലനത്തില്‍ മാത്രം ഒതുങ്ങാതെ, കന്നുകാലി വളര്‍ത്തലിന്റെ എല്ലാ കാര്യങ്ങളിലും കര്‍ഷകര്‍ക്ക് അറിവു പകരുന്ന കേന്ദ്രങ്ങളാക്കാനുള്ള ശ്രമത്തിലാണ്-പ്രത്യേകിച്ചും ഉത്പാദനം, തീറ്റക്രമം, പരിപാലനം, ആരോഗ്യ സംരക്ഷണം, വിപണനം എന്നീ കാര്യങ്ങളില്‍. കന്നുകാലികളെ ബീജസങ്കലന കേന്ദ്രം വരെ കൊണ്ടു പോകാതെ വീട്ടുപരിസരത്തു വച്ചുതന്നെ കൃത്രിമ ബീജസങ്കലനത്തിനുള്ള സൗകര്യമുണ്ടായാല്‍ പ്രത്യുത്പാദനശേഷി മെച്ചപ്പെടുന്നതായി കണ്ടുവരുന്നു. ആയതിനാല്‍ കൃത്രിമ ബീജസങ്കലനത്തിനായി സഞ്ചരിക്കുന്ന യൂണിറ്റുകള്‍ കൂടുതലായി സ്ഥാപിച്ച് ഉത്പാദനം വര്‍ധിപ്പിക്കാനുള്ള നടപടികള്‍ ത്വരിതപ്പെടുത്തി വരുന്നു. കൃത്രിമ ബീജസങ്കലനത്തിനുശേഷം ഗര്‍ഭധാരണം നടക്കാതെ വരുന്നതിനുള്ള പല കാരണങ്ങളില്‍ ഒന്ന് ബീജത്തിന്റെ ഗുണനിലവാരക്കുറവാണെന്നു കണ്ടെത്തിയിട്ടുണ്ട്. ആയതിനാല്‍ ബീജത്തിന്റെ ഗുണനിലവാരം ബീജം വിതരണം ചെയ്യുന്നതിനു മുമ്പ് പ്രാദേശിക ബീജബാങ്കില്‍ വച്ചും കുത്തിവയ്ക്കുന്നതിനു മുമ്പ് ബീജസങ്കലന കേന്ദ്രത്തില്‍ വച്ചും പരിശോധനയ്ക്കു വിധേയമാക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. കൂടാതെ എല്ലാ ബീജസങ്കലന കേന്ദ്രങ്ങളിലും ആ കേന്ദ്രം വഴി ഉപയോഗിക്കുന്ന ബീജത്തിന്റേയും കാളയുടേയും വിശദവിവരങ്ങള്‍ സൂക്ഷിക്കാനും ആ വിവരങ്ങള്‍ കര്‍ഷകരെ അറിയിക്കാനും വിശദീകരിച്ചുകൊടുക്കാനും വേണ്ട നടപടികളും സ്വീകരിച്ചിട്ടുണ്ട്. കന്നുകാലികളെ പരിപാലിക്കുന്ന രീതി മെച്ചപ്പെടുത്തിയാല്‍ ഉത്പാദനം കൂടാനുള്ള സാധ്യതയുണ്ടെന്ന് പല നിരീക്ഷണങ്ങളും തെളിയിച്ചിട്ടുണ്ട്. ആയതിനാല്‍ തീവ്ര കന്നുകാലി വികസന പദ്ധതിയിലൂടെ ബീജസങ്കലന കേന്ദ്രങ്ങള്‍ വഴി കര്‍ഷകര്‍ക്ക് അറിവും വിജ്ഞാനവും പകര്‍ന്നു കൊടുക്കാനുതകുന്ന തരത്തിലുള്ള സെമിനാറുകളും ചര്‍ച്ചാ ക്ലാസ്സുകളും കൂടുതല്‍ സംഘടിപ്പിക്കേണ്ടതുണ്ട്. കന്നുകാലി പ്രദര്‍ശനങ്ങളും ഒരു പരിധി വരെ ഇതിനു സഹായിക്കും. തീറ്റ ക്രമത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും തീറ്റപ്പുല്‍ക്കൃഷി വിപുലമാക്കുകയും വേണം. പശുക്കുട്ടികളെ ശാസ്ത്രീയമായി വളര്‍ത്തിയാല്‍ അവ കൃത്യസമയത്തുതന്നെ പൂര്‍ണ വളര്‍ച്ച എത്തുകയും പ്രസവിക്കുകയും അവയുടെ ഉത്പാദനക്ഷമത കൂടുകയും ചെയ്യും. ശാസ്ത്രീയമായി വളര്‍ത്താനുള്ള നിര്‍ദേശങ്ങളും ഉപദേശങ്ങളും തീവ്ര കന്നുകാലി വികസന പദ്ധതിയുടെ കീഴിലുള്ള ഉപകേന്ദ്രങ്ങള്‍ വഴി ലഭ്യമാണ്. കര്‍ഷകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തിയാലേ തീവ്ര കന്നുകാലി വികസന പദ്ധതിയുടെ ലക്ഷ്യങ്ങള്‍ പൂര്‍ണമായും കൈവരിക്കാനാകൂ.

No comments:

Post a Comment

Pages